Nov 26, 2007

ali

Nov 6, 2007

തത്സമയ ദൃശ്യങ്ങള്‍


തച്ചു തലപൊളിക്കലിന്റെ തത്‌സമയ ദൃശ്യങ്ങളാണ്‌ കേരളം കണ്ടു കൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ അവിടെ എന്തു സംഭവിക്കുന്നു എന്ന ന്യൂസ്‌ റൂം അവതാരകന്റെ ചോദ്യത്തിന്‌ വാര്‍ത്താ ലേഖകന്‌ കൃത്യമായ മറുപടികളുണ്ടാകുന്നുണ്ട്‌. കൈബോംബും വടിവാളുകളുമായി ഒരു വിഭാഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന സാഹചര്യമാണിവിടെ എന്ന്‌ പറയുമ്പോള്‍, മലയാളി അടുത്ത ദൃശ്യം കാണുന്നതിനായി കസേരയില്‍ ഒന്നു കൂടി നിവര്‍ന്നിരിക്കുന്നു, അല്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ അടുത്ത ന്യൂസ്‌ ചാനലിലുണ്ടോ എന്നറിയാന്‍ റിമോര്‍ട്ടില്‍ വിരലമര്‍ത്തുന്നു. സാംസ്‌കാരിക മഹത്വത്തിലും രാഷ്‌ട്രീയ പ്രബുദ്ധതയിലും അഹങ്കരിക്കുന്ന നാട്ടിലെ പുതിയ കാഴ്‌ചകള്‍!
ആഴ്‌ചകളായി സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍നിന്നും ഇങ്ങനെ കമ്പും കോലും കൊണ്ട്‌ തല്ലിത്തകര്‍ക്കുന്നതിന്റെ സാംസ്‌കാരിക പരിസരമെന്ത്‌ എന്നതിനെക്കുറിച്ച്‌ ആരും ചര്‍ച്ച ചെയ്‌തു കാണുന്നില്ല. മലയാളത്തിന്റെ വിചാരവും വികാരവും ആഴത്തില്‍ അറിയുന്നവരെന്ന ധാരണയില്‍ എഴുതിയും പ്രസംഗിച്ചും നടക്കുന്ന പ്രഭൃതികളും കലഹം കൂട്ടുന്നത്‌, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എവിടെയാണ്‌ വിദ്യാഭ്യാസം നടത്തുന്നത്‌ എന്നതിനെക്കുറിച്ചും പ്രൊഫ. എം എന്‍ വിജയന്റെ മരണകാരണത്തെക്കുറിച്ചുമൊക്കെയാണ്‌. വിജയനാനന്തര അധിനിവേശപ്പോരാട്ടം ചര്‍ച്ച ചെയ്യാന്‍ സമ്മേളനം വിളിച്ചു കൂട്ടുന്നു. എടപ്പാളിലൊരിടത്ത്‌ നാടോടി സ്‌ത്രീകളെ നടുറോഡില്‍ വിവസ്‌ത്രരാക്കി മര്‍ദിക്കുകയും അടിപ്പാവാടയുടെ വള്ളിയില്‍ പിടിച്ച്‌ അട്ടഹസിക്കുകയും അതു ക്യാമറിയില്‍ പകര്‍ത്തി ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക വിപ്ലവം മലപ്പുറത്തെ കുട്ടികളില്‍ സംഭവിക്കുന്നത്‌ ചര്‍ച്ച ചെയ്യാനാളില്ലാത്തവിധം പുതിയ കാഴ്‌ചകള്‍ കണ്ടുകൊണ്ടേയിരിക്കുന്നു.
ഒരു അസി. സബ്‌ ഇന്‍സ്‌പെക്‌ടറെ നടുറോഡില്‍ തച്ചുകൊന്നാണ്‌ ചങ്ങനാശ്ശേരി എസ്‌ എന്‍ കോളജില്‍ പ്രായോഗിക ജനാധിപത്യ പരിശീലനത്തിന്‌ വേരോട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിയത്‌. ഉത്തരവാദിത്വമുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആള്‍ബലവും ആദര്‍ശ പിന്തുണയും തന്നെയാണ്‌ കലാലയങ്ങള്‍ക്കകത്ത്‌ വിദ്യാര്‍ഥി രാഷ്‌ട്രീയം കത്തി, കഠാര ഉപകരണങ്ങളുടെ പരിശീലനക്കളരികൂടിയാകുന്നത്‌. ഒരു പോലീസുകാരനെ നടുറോഡില്‍ അടിച്ചു കൊന്ന സംഭവം രാജ്യത്തു തന്നെ അത്യപൂര്‍വങ്ങളിലൊന്നായിട്ടു പോലും നമ്മുടെ കുട്ടികളും മുതിര്‍ന്നവരും പുലര്‍ത്തുന്ന രാഷ്‌ട്രീയ പ്രബുദ്ധതകളെ ആരും ചോദ്യം ചെയ്‌തു കണ്ടില്ല. കൊലപാതകികളുടെ അവകാശങ്ങള്‍ പരസ്‌പരം ചാര്‍ത്തുന്ന നാണം കെട്ട കാഴ്‌ചകളില്‍ തത്സമയങ്ങള്‍ ഒതുങ്ങി. എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരാണ്‌ എ എസ്‌ ഐ ഏലിയാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന്‌ ആദ്യം പത്രസമ്മേളനം നടത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസാണ്‌ പ്രഖ്യാപിച്ചത്‌. കൊല നടത്തിയത്‌ യുവമോര്‍ച്ചക്കാരും ആര്‍ എസ്‌ എസുകാരുമാണെന്ന്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പിന്നീടു പറഞ്ഞതിനെപ്പറ്റിയായിരുന്നു കോണ്‍ഗ്രസുകാരുടെ ചര്‍ച്ച. കൃത്യനിര്‍വഹണത്തിനിടെ മരിച്ചു വീഴുകയും ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്‌ത സംഭവത്തില്‍നിന്നും ദൃശ്യങ്ങള്‍ പെട്ടെന്ന്‌ തകിടം മറിഞ്ഞത്‌ കസ്റ്റഡിയില്‍ വെച്ച്‌ പരിക്കേറ്റ എ ബി വി പി പ്രവര്‍ത്തകനിലേക്കാണ്‌. മനുഷ്യാവകാശ കമ്മീഷനും രാഷ്‌ട്രീയ നേതൃത്വവുമെല്ലാം ഇടപെടാനെത്തി. ഏലിയാസിന്റെ കുടുംബം ഈ കാഴ്‌ചകള്‍ കണ്ട്‌ വാവിട്ടു കരഞ്ഞു.
മലമ്പുഴയിലും തലശ്ശേരിയിലും സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്‌ അടുത്ത ദിവസങ്ങളിലാണ്‌. ആര്‍ എസ്‌ എസ്‌ മാര്‍ക്‌സിസ്റ്റ്‌ ചോരക്കളികള്‍ തിരിച്ചു വരുന്നതിന്റെ സൂചനകള്‍. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രക്തസാക്ഷി ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളും തത്സമയം കാണായി. തലതല്ലി നിലവിളിക്കുന്ന മലമ്പുഴയിലെ ഗോപാലകൃഷ്‌ണന്റെയും രവീന്ദ്രന്റെയും കുടുംബങ്ങള്‍ക്ക്‌ നഷ്‌ടമായതിന്‌ എന്തു സാന്ത്വനമാണ്‌ പരമാകുക. പുറത്തിറങ്ങി പ്രസ്‌താവന നടത്തുന്ന പാര്‍ട്ടി നേതാക്കളുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന പകരങ്ങള്‍, അപ്പുറത്തെ ചില തലകളാണെന്നത്‌ മലയാളത്തെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. ഇടവേളക്കു ശേഷമാണ്‌ കണ്ണൂരില്‍ സി പി എം, ആര്‍ എസ്‌ എസ്‌ സംഘര്‍ഷവും ഒരു കൊലപാതകവുമുണ്ടായിരിക്കുന്നത്‌. ആയുധബലം കൊണ്ട്‌ ആള്‍ക്കൂട്ടങ്ങളെയുണ്ടാക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ പുതിയതല്ല. പക്ഷേ, ആരും മിണ്ടുന്നില്ല. തമ്മില്‍ തല്ലുന്ന പാര്‍ട്ടികള്‍ തന്നെ സ്വയം ഒത്തുതീര്‍പ്പിലെത്തും വരെ കലഹം തുടരേണ്ടി വരുന്നു. ബാക്കിയുള്ളവര്‍ കാഴ്‌ചക്കാര്‍ മാത്രമാകുന്നു. കണ്ണൂരില്‍ ഒരു കെ എസ്‌ യു പ്രവര്‍ത്തകനും വെട്ടേറ്റിരിക്കുന്നു.
മുസ്‌ലിം സമുദായത്തിലെ ഐക്യം മുന്‍നിര്‍ത്തി ഉടലെടുത്ത എന്‍ ഡി എഫ്‌ എന്ന സംഘടനയും ഇപ്പോള്‍ പലയിടങ്ങളിലായി കലഹങ്ങളിലേര്‍പ്പെടുന്നു. സംഘ്‌പരിവാറിനെതിരായ യുദ്ധമുന്നണി രൂപപ്പെടുത്താന്‍ മെനക്കെട്ടിറങ്ങിയവരിപ്പോള്‍ തല്ലുകൂടുന്നത്‌, മുസ്‌ലിംലീഗിനോടും ഇതര മാപ്പിള സംഘടനകളോടുമാണെന്നത്‌ ഒരര്‍ഥത്തില്‍ ആശ്വാസമാണ്‌. കലാലയങ്ങളില്‍ എന്‍ ഡി എഫിന്റെ ഫ്രണ്ട്‌ എസ്‌ എഫ്‌ ഐയുമായി തല്ലുകൂടിയും അന്തരീക്ഷത്തിന്റെ നിറം ചുവപ്പിക്കുന്നു. മലബാറിലെ ചിലയിടങ്ങളില്‍ മദ്‌റസകളിലെ പാഠ്യപദ്ധതി സംബന്ധിച്ചുണ്ടാകുന്ന വഴക്കുകള്‍ വിവരം വളര്‍ന്നിട്ടില്ലാത്ത കുട്ടികളെ വരെ മര്‍ദിക്കുന്നിടത്തെത്തുന്നതായി വാര്‍ത്തകള്‍ പറയുന്നു. ഇനിയിപ്പോ ആരാണ്‌ കേരളത്തിന്‌ സമാധാനം പറഞ്ഞു കൊടുക്കുക.
എതിര്‍ സംഘത്തിലെ ഏതാനും പേരെ വെട്ടിക്കൊല്ലാന്‍ തയാറെടുത്ത ഗുണ്ടാ സംഘത്തെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സഹിതം പോലീസ്‌ പിടികൂടിയത്‌ കഴിഞ്ഞ ദിവസം തൃശൂരില്‍നിന്നുള്ള തത്സമയക്കാഴ്‌ചകലായിരുന്നു. പിടികൂടിയില്ലായിരുന്നെങ്കില്‍ പിറ്റേന്നു പുലരും മുമ്പ്‌ ഏതാനും ശരീരങ്ങള്‍ വടിവളുകളുടെ പ്രതലങ്ങളില്‍ ചോരക്കറ പുരട്ടുമായിരുന്നു. ഇങ്ങനെ രാഷ്‌ട്രീയവും മതവും ഗുണ്ടകളും ചേര്‍ന്നുള്ള ചോരക്കളികളില്‍ കാഴ്‌ചക്കാര്‍ മാത്രമായി അകന്നു നില്‍ക്കുന്നവര്‍ സാംസ്‌കാരിക മലയാളത്തിന്റെ സ്വന്തം എഴുത്തുകാരും പ്രസംഗകരും ശാന്തി മൊഴിയുന്ന മതേലധ്യക്ഷന്‍മാരുമാണ്‌. പക്ഷേ മന്ത്രിയും കവിയുമായ സുധാകരന്റെ ഭാഷയില്‍ അവര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റ ആളുകളാണ്‌.

Aug 20, 2007

കുഞ്ഞിക്കാലു കാണാന്‍ കൊതി്‌ച്ച്‌്‌; തണല്‍ നഷ്ടപ്പെട്ടതറിഞ്ഞ്‌


സന്താന സൗഭാഗ്യങ്ങളില്‍പോലും മനസ്സറിഞ്ഞു സന്തോഷിക്കാന്‍ കഴിയാത്ത മനുഷ്യരുടെ ലോകമാണ്‌ ഗള്‍ഫ്‌. കുഞ്ഞുപിറന്നതറിഞ്ഞ്‌ ആനന്ദിക്കുമ്പോഴും ആ ഇളം പൈതലിന്റെ മുഖമൊന്നു കാണാന്‍ വാരിയെടുത്തൊരു മുത്തം കൊടുക്കാന്‍ മനസുവെമ്പുന്നവര്‍ക്കു പക്ഷേ, നാടണയാന്‍ മാസങ്ങള്‍ പിന്നെയും കാത്തിരിക്കണം. തൊഴില്‍ പരമായ സാങ്കേതികതകള്‍ക്കപ്പുറം പണത്തോടുള്ള ആര്‍ത്തിമൂലം സ്വന്തം കുഞ്ഞിനെ കാണാനുള്ള ആഗ്രഹത്തിനു മുന്നില്‍ തടസം സൃഷ്‌ടിക്കുന്നത്‌ സ്വന്തം പിതാവാണെങ്കില്‍ അതു സഹിക്കാനാര്‍ക്കു കഴിയും! മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി മുനീര്‍ അല്‍ഐനില്‍ മാസങ്ങള്‍ക്കു മുമ്പ്‌ തൂങ്ങിമരിച്ചതങ്ങിനെയെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞുണ്ടായപ്പോള്‍ ഉപ്പ പോകാന്‍ അനുവദിച്ചില്ല. മൂന്നുമാസം കഴിഞ്ഞപ്പോഴും കുഞ്ഞനെയും ഭാര്യയേയും കാണാനുള്ള മോഹത്തിനു മുന്നില്‍ ഉപ്പ വിലങ്ങു നിന്നപ്പോള്‍ മുനീറിന്റെ ഇടനെഞ്ചുപൊട്ടി. പിന്നീടയാള്‍ക്കു വരുംവരായ്‌കകള്‍ ആലോചിക്കാന്‍പോലും കഴിഞ്ഞില്ല. സ്വന്തം കുഞ്ഞിനെ കാണാന്‍ അനുവദിക്കാത്ത പിതാവിനോടുള്ള പ്രതിഷേധം സ്വന്തം ജീവന്‍ കയറില്‍ കെട്ടത്തൂക്കി അയാള്‍ പ്രകടിപ്പിച്ചു.
വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിപൂണ്ടിരിക്കുന്നവര്‍ പ്രവാസികളിലേറെയുണ്ട്‌. കല്യാണം കഴിഞ്ഞ്‌ ദിവസങ്ങള്‍ മാത്രം ഒരുമിച്ചു കഴിഞ്ഞ്‌ തിരിച്ചുപോരാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക്‌ ദാമ്പത്യ ജീവിതത്തിന്റെ പ്രഥമനാളുകള്‍പോലും സ്വസ്ഥമായ ഉല്ലാസങ്ങളുടേതാകില്ല. അടുത്ത അവധിയുംകാത്ത്‌ ദിവസങ്ങളെണ്ണി അവര്‍ കാത്തിരിക്കും. കുഞ്ഞുപിറന്നെന്നു കേള്‍ക്കുമ്പോള്‍ മനസ്‌ അവിടെക്കു പായും. ജീവിതത്തില്‍നിന്നെന്നപോലെ സ്വന്തം മക്കളില്‍നിന്നു പോലും അകറ്റപ്പെട്ട്‌ ഭ്രാന്തമായ ഒരുതരം മുരടിപ്പോടെയാണ്‌ പലരും ഇവിടെ കഴിയുന്നത്‌. മുനീറിന്റെ തീരുമാനവും ഇത്തരം മുരടിപ്പികളുടെ ഫലമായി കാണാം. കറവപ്പശുക്കളെപ്പോലെ പണം ഊറ്റിയെടുക്കാന്‍ മാത്രമുള്ള ഉപകരണങ്ങള്‍ മാത്രമായി ഗള്‍ഫുകാരനെ പരിഗണിക്കുന്ന സമൂഹത്തിന്റെ മനോഭാവങ്ങളില്‍ മാറ്റം വന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.
തിരുവനന്തപുരം വക്കം മൗലവി ജംഗ്‌ഷനില്‍ മുള്ളുവിളാകത്തില്‍ മുഹമ്മദ്‌ റാഫി എന്ന മധ്യവയസ്‌കന്‍ കഴിഞ്ഞ ബുധനാഴ്‌ച ഷാര്‍ജയില്‍ ആത്മഹത്യ ചെയ്‌തു. ഇവിടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി ജോലി ചെയ്‌തു വന്ന മുഹമ്മദ്‌റാഫി പെട്ടെന്നൊരു ദിവസം മരണം തിരഞ്ഞെടുക്കാനുള്ള കാരണം അടുത്ത സൃഹൃത്തുക്കള്‍ക്കു പോലും വ്യക്തമല്ല. രണ്ടു വര്‍ഷം മുമ്പ്‌ ദുബൈയില്‍ കുടുംബ സമേതമാണ്‌ റാഫി താമസിച്ചിരുന്നത്‌. രണ്ടാഴ്‌ച മുമ്പാണ്‌ ഷാര്‍ജയിലേക്കു താമസം മാറ്റിയത്‌. ജീവിതത്തിന്റെ മധ്യാഹ്‌നത്തില്‍ മുഹമ്മദ്‌ റാഫിയെപ്പോലുള്ള സാമ്പത്തികപ്രയാസങ്ങളില്ലാത്ത മനുഷ്യര്‍ക്കും മരണത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കേണ്ട സാഹചര്യവും ഉപരിസൗന്ദര്യങ്ങളുടെ നിറംപിടിപ്പിച്ച ഗള്‍ഫ്‌ നഗരങ്ങള്‍ സമ്മാനിക്കുകയാണ്‌. നാട്ടില്‍ സന്തുഷ്‌ടരായാണ്‌ കുടുംബം കഴിഞ്ഞു വന്നിരുന്നതെന്നാണ്‌ റാഫിയെ അറിയുന്നവര്‍ പറയുന്നത്‌. പിഴച്ചതെവിടെയെന്നതു മാത്രം വ്യക്തമല്ല.
മാസങ്ങള്‍ക്കു മുമ്പ്‌ തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍ ആശാരി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വിവരമറിഞ്ഞ കുടുംബം നാട്ടില്‍ കൂട്ടത്തോടെ ആത്‌മഹത്യക്കു ശ്രമിച്ചു. രവീന്ദ്രന്റെ മരണത്തോടെ കുടുംബത്തിനു തണല്‍നല്‍കിയിരുന്ന വൃക്ഷമാണ്‌ നഷ്‌ടപ്പെട്ടത്‌. അപ്രതീക്ഷിതമായ ദുരന്തം ആ കുടുംബത്തിനതു സഹിക്കാനായില്ല. ജീവിതം വഴിമുട്ടിയതുകൊണ്ടു മാത്രമല്ല, ഇനി തങ്ങള്‍ക്കു സേനഹേവും വാത്സല്യവും നല്‍കാന്‍ ആരുണ്ട്‌ എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ്‌ ഈ കുടുംബത്തെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. എന്നാല്‍, സര്‍വനാഥന്റെ തീരുമാനം രവീന്ദ്രന്‍ ആശാരി ഇല്ലാത്ത ലോകത്ത്‌ ഈ കുടുംബത്തിന്റെ ജീവിതം തുടരാനായിരുന്നു.
പുരയിടം പണയപ്പെടുത്തി ജോലിക്കായി ഷാര്‍ജയില്‍ വന്ന തിരുവനന്തപുരം വെമ്പായം സ്വദേശി മനോഹരന്റെ ഭാര്യയും രണ്ടു മക്കളും ഭാര്യാമാതാവും ഈ മാസം 11ന്‌ വീട്ടില്‍ വിഷം കഴിച്ചു മരിച്ചു. നാടിനെ നടുക്കിയ ഈ ദുരന്തമറിഞ്ഞ്‌ നിശ്ചലമായ മനസും ശരീരവുമായി മനോഹരനെ ആരൊക്കെയോ ചേര്‍ന്ന്‌ നാട്ടിലേക്കു കയറ്റി വിട്ടു. മാലിയിലായിരുന്ന മനോഹരന്‍ അവിടെ നിന്നു പച്ചപിടിക്കാത്തതിനെത്തുടര്‍ന്നാണ്‌ വീടു പണയപ്പെടുത്തി ഷാര്‍ജയിലേക്കു വന്നത്‌. ഇവിടെയെത്തിയ അയാള്‍ക്ക്‌ ത്വക്കില്‍ അലര്‍ജി ബാധിച്ചു. ചികിത്സക്കുപോലും പണമില്ലാതെ നരകിച്ച മനോഹരന്‌ ആശ്വസിപ്പിക്കാവുന്ന ഒരു വരി കത്തു പോലും എഴുതി നാട്ടിലേക്കയക്കാന്‍ കരുത്തുണ്ടായില്ല.
ഇതിനിടെ കടം തിരിച്ചടക്കാന്‍ കഴിയാതെ വീട്ടുകാര്‍ വിഷമിച്ചു. 20 സെന്റ്‌ ഭൂമി വിറ്റ്‌ കുറെ കടങ്ങള്‍ വീട്ടി. സ്ഥലം വിറ്റതറിഞ്ഞ്‌ കൂടുതല്‍ കടക്കാര്‍ പണം ആവശ്യപ്പെട്ടു ശല്യം ചെയ്‌തതോടെ മനോഹരന്റെ കുടുംബത്തിനു മറ്റു വഴികളുണ്ടായില്ല. അങ്ങനെ 13ഉം 11ഉം പ്രായമുള്ള രണ്ടു പെണ്‍മക്കളോടൊപ്പം മനോഹരന്റെ ഭാര്യ മരിക്കാന്‍ തയാറായപ്പോള്‍ അമ്മ ശാരദയും മകളോടും കൊച്ചുമക്കളോടുമൊപ്പം യാത്രയാകാന്‍ തീരുമാനിച്ചു. ഉറ്റവരുടെ നാലു നിശ്ചലശരീരങ്ങള്‍ക്കു മുന്നിലേക്കാണ്‌ മനോഹരന്‍ പോയത്‌. രോഗം തളര്‍ത്തിയ അയാള്‍ മാത്രമാണിനി കടക്കാരെ നേരിടാനുള്ളത്‌. മുന്നില്‍ പോംവഴികളില്ലെന്നുറപ്പാകുമ്പോള്‍ സ്വയം രക്ഷപ്പെടുന്നവര്‍ ബാക്കിയാക്കുന്ന ജീവിതങ്ങള്‍ ഇവിടെ അനാഥരായി, അശരണരായി അലയുകയാണ്‌.
ഒരു വര്‍ഷം മുമ്പ്‌ ദുബൈ ദേരയില്‍ മലയാളികളായ ദമ്പതികള്‍ ആത്മഹത്യ ചെയ്‌തിരുന്നു. രണ്ടാം വിവാഹമായിരുന്നു യുവാവിന്റത്‌. വിവാഹിതരായി അധികനാള്‍ കഴിയുംമുമ്പ്‌ ജീവനൊടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്തെന്ന്‌ ഇപ്പോഴും ഉത്തരം കിട്ടാതെ തുടരുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും ഗള്‍ഫു നാടുകളിലും ഗള്‍ഫ്‌ ജീവിതത്തിന്റെ ഭാഗമായി നാട്ടിലും മരണത്തെ സ്വയം വരിക്കുന്നവര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ആത്മഹത്യകളില്‍ ഭൂരിഭാഗവും മരിച്ചനിലയില്‍ കണ്ടെത്തി എന്ന സ്വാഭാവിക മരണത്തിന്റെ വകഭേദം മാത്രമായി പുറംലോകം അറിയുന്നു. സ്വയം തിരഞ്ഞെടുക്കുന്ന മരണം പോലും മാലോകര്‍ക്കു മുന്നില്‍ മറച്ചു പിടിക്കാന്‍ ചുറ്റുമുള്ളവര്‍ തിടുക്കം കാട്ടുന്നു.
സാന്ത്വനപ്പെടുത്താനോ കാരുണ്യത്തിന്റെ തെളിനീരു പകരാനോ ആരും വരാനില്ലെന്നറിയുമ്പോള്‍ പരിഹരിക്കപ്പെടാത്ത മാനസിക സംഘര്‍ഷങ്ങളുമായി കാണാമറയത്തേക്കുന്ന മാറിനില്‍ക്കുന്നവര്‍ പെരുകുന്നതിന്‌ പ്രവാസലോകത്ത്‌ ഗതികിട്ടാ പ്രേതങ്ങള്‍ വര്‍ധിക്കുന്നതിന്‌ ആരാണുത്തരവാദികള്‍... സ്വയംഹത്യകളുടെ കണ്ണീര്‍ക്കഥകള്‍കേട്ടു നെടുവീര്‍പ്പിടാന്‍ മാത്രമോ ചുറ്റുപാടുകളിലെ കുറെ മനുഷ്യര്‍...? അതു നാളെ.

Aug 19, 2007

മോഹങ്ങള്‍ മരിക്കുന്നു; വിശ്വസിച്ചവരുടെ മനസുകളും

മകളുടെ വിവാഹം നടത്തുന്നതിനായി നാട്ടിലെത്തിയ കണ്ണൂര്‍ മാലൂര്‍ സിറ്റിയിലെ ഹസീന മന്‍സിലില്‍ കരുമ്പോളില്‍ സുലൈമാന്‌ വലിയ പ്രതീക്ഷകളായിരുന്നു. നേരത്തേ എടുത്തിരുന്ന ലോണിലേക്കു ശേഷിക്കുന്ന സംഖ്യ ഒന്നിച്ചു നല്‍കിയാല്‍ ബേങ്കില്‍നിന്നും വലിയ സംഖ്യകിട്ടും. ദുബൈയില്‍ തിരിച്ചെത്തിയാല്‍ അതു കുറേശ്ശെയായി തിരിച്ചടക്കാം. മകളെ ഇഷ്‌ടപ്പെട്ട ചെറുപ്പക്കാരന്‌ ഡിമാന്റൊന്നുമില്ല. എന്നാലും മര്യാദ പാലിക്കണമല്ലോ. ബേങ്കില്‍ അടച്ച സംഖ്യ കഴിച്ച്‌ കയ്യിലുണ്ടായിരുന്ന പണമുപയോഗിച്ച്‌ വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്‌ മോടിപിടിപ്പിച്ചു. വീട്ടിലെ ആദ്യത്തെ വിവാഹം കേമമാക്കണം. ആറുമാസം മുമ്പാണ്‌ ഉമ്മ മരിച്ചത്‌. അര്‍ബുദമായിരുന്നു അസുഖം. ആവഴിക്ക്‌ കുറെ പണം ചെലവായി. ഭാര്യയുടെ അസുഖത്തിനും വലിയ സംഖ്യ ചെലവഴിക്കേണ്ടി വന്നപ്പോള്‍ ഗള്‍ഫ്‌ വാസത്തില്‍ കാര്യമായി മിച്ചമുണ്ടായില്ല. എങ്കിലും ബേങ്ക്‌ വായ്‌പയിലായിരുന്നു എല്ലാ കണക്കുകൂട്ടലുകളും.
ആദ്യവായ്‌പ തീര്‍ത്തടച്ച്‌ രണ്ടാമതൊരു ലോണിന്‌ അപേക്ഷ നല്‍കി സുലൈമാന്‍ കാത്തിരുന്നു. വിവാഹക്കുറി തയാറാക്കി ക്ഷണം ആരംഭിച്ചു. കല്യാണത്തിനുള്ള മറ്റു ഒരുക്കങ്ങളും. നാളുകള്‍ക്കു ശേഷം ബേങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ മാനേജറുടെ മറുപടി, ലോണ്‍ തരാനാകില്ല. ഇപ്പോള്‍ പഴയ പോലെ വായ്‌പ അനുവദിക്കാനാകില്ല. പിന്നെ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കുന്നത്ര വരുമാനമുള്ളതായി അക്കൗണ്ട്‌ ബാലന്‍ഷീറ്റില്‍ കാണുന്നില്ല. മറുപടികേട്ടു മരവിച്ചിരുന്നു സുലൈമാന്‍. ഇനി ഏതു വാതിലില്‍ മുട്ടും. മംഗല്യസാഫല്യത്തിന്റെ സന്തോഷം വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കി ഉപ്പാക്ക്‌ സ്‌നേഹം പകരുന്ന മകളുടെ മുഖത്തു നോക്കാന്‍ അയാള്‍ക്കു കരുത്തുണ്ടായില്ല. അസുഖത്തിന്റെ വേദനകളിലും മകളുടെ മംഗല്യരാവുകളും കിനാവുകണ്ട്‌ കാത്തിരിക്കുന്ന ഭാര്യയുടെ കറുക്കുന്ന മുഖം അയാള്‍ ഭയപ്പെട്ടു. ജോലി ചെയ്‌തു കുടുംബം പോറ്റാന്‍ പ്രായമാകാത്ത മകനും വിവാഹപ്രായത്തിലേക്കു പ്രവേശിച്ച രണ്ടാമത്തെ മകളും സുലൈമാന്റെ വഴികളില്‍ ഇരുളു പരത്തി. 12 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞയാള്‍ക്കെങ്ങിനെ കടം ചോദിക്കാനാകും?
ബേങ്ക്‌ ബാലന്‍സ്‌ പൊട്ടിക്കാന്‍ മടിയുള്ളതുകൊണ്ടാകുമല്ലേയെന്ന്‌ ചിലരുടെ കമന്റ്‌. മറ്റു ചിലര്‍ സമര്‍ഥമായ ഉപദേശങ്ങള്‍; `ഗള്‍ഫുകാരനാണെന്നു കരുതി ആഡംബരമൊന്നും വേണ്ട. ഉള്ളതുപോലെ ചടങ്ങു കഴിച്ചാല്‍ മതി'. അത്യാവശ്യത്തിനുള്ള പണം സുലൈമാന്റെ കയ്യില്‍ ഉണ്ടെന്ന വിശ്വാസത്തിലോ അല്ലെങ്കില്‍ അങ്ങനെ നടിക്കാനോ ആണ്‌ അക്കൂട്ടര്‍ ശ്രമിച്ചത്‌. ഒടുവില്‍ തകര്‍ന്ന മനസില്‍ അയാള്‍ തീര്‍ച്ചപ്പെടുത്തി, ഇനി ഈ ഭൂമിയില്‍ തനിക്ക്‌ മുട്ടാന്‍ വാതിലുകളോ സഹായം തരാന്‍ മനുഷ്യരോ ഇല്ല. അന്വേഷണങ്ങളെപ്പോലും അയാള്‍ ഭയപ്പെട്ടു. അങ്ങനെ സുലൈമാന്‍ വിവാഹം ക്ഷണിക്കാനെന്ന രീതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി. നീര്‍വേലി പുഴയിലാണ്‌ ആ യാത്ര ഒടുങ്ങിയത്‌. കാണാതായ സുലൈമാനെ അന്വേഷിച്ചുനടന്ന ബന്ധുക്കളും നാട്ടുകാരും ഇക്കഴിഞ്ഞ 10നാണ്‌ പുഴയില്‍ ജഡം കണ്ടെത്തിയത്‌.
അനാഥമായ കുടുംബവും അടുത്തമാസം രണ്ടിന്‌ ഇഷ്‌ടപ്പെട്ട ചെറുപ്പക്കാരനൊപ്പം സന്തുഷ്‌ട ദാമ്പത്യജീവിതം ആരംഭിക്കാനാകുമെന്ന്‌ കിനാവു കണ്ടിരുന്ന സുലൈമാന്റെ മൂത്തമകളും ഇപ്പോള്‍ മുന്നില്‍ ഇരുട്ടുമാത്രം നിറഞ്ഞ ജീവിതത്തിന്റെ നാള്‍വഴികളെയോര്‍ത്തു വാവിട്ടു കരയുന്നു. താന്‍ പണം ആഗ്രഹിച്ചിട്ടില്ലെന്നും വിവാഹം നിശ്ചയിച്ച തീയതിക്കു തന്നെ നടത്തുമെന്നും സുലൈമാന്റെ മകളുടെ പ്രതിശ്രുത വരന്‍ അറിയിച്ചിട്ടുള്ളതു മാത്രം ഈ കഥയിലെ ഏക ആശ്വാസം.
ഗള്‍ഫുകാരനു ചുറ്റും സമൂഹം നിര്‍മിച്ചു വെച്ചിട്ടുള്ള വ്യവസ്ഥിതികളുടെയും കാഴ്‌ചപ്പാടുകളുടെയും ഇരയാണ്‌ സുലൈമാന്‍. സുലൈമാന്‍ ഒരു പ്രതീകം മാത്രം.
നാട്ടില്‍ ഭാര്യയും മൂന്നുമക്കളുമുള്ള കോഴിക്കോട്‌ പയ്യോളി സ്വദാശിയായ 38കാരന്‍ കഴിഞ്ഞ ദിവസം ജബല്‍ അലിയിലെ റസ്റ്റോറന്റിനു പിറകു വശത്ത്‌ തൂങ്ങിമരിച്ചതും ഗള്‍ഫുകാരനായിപ്പോയതിനാല്‍ സ്വന്തം കുടുംബവും കൂട്ടുജീവികളും പ്രതീക്ഷിക്കുന്നതൊന്നും സമ്മാനിക്കാന്‍ കഴിയാതെ വരുമ്പോള്‍, തനിക്കു കിട്ടേണ്ട സ്‌നേഹവും കടപ്പാടും പോലും ഇല്ലാതാക്കുന്നുവെന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌ പയ്യോളിക്കാരന്‍ കൊലക്കയറില്‍ അഭയം പ്രാപിച്ചത്‌. ആരോടും പരാതികള്‍ പറയാതെ, വേദനകള്‍ കടിച്ചമര്‍ത്തി അവഗണനകളുടെ ഭാരം തലക്കു ഭ്രാന്തുപിടിപ്പിക്കുമ്പോള്‍ പ്രതികാരത്തിന്റെ സ്വയം തീര്‍ക്കുന്ന രണഭൂവിലേക്കിവര്‍ ചീടിവീഴുന്നു. തങ്ങള്‍ പിന്‍വാങ്ങുന്നതോടെ അസ്വസ്ഥതകള്‍ക്ക്‌ അറുതിവരുമെന്ന്‌ സുലൈമാനോ പയ്യോളിക്കാരനോ ഇതുപോലെ സ്വയംഹത്യ തിരഞ്ഞെടുക്കുന്നവരാരും വിശ്വസിക്കുന്നില്ല. പക്ഷേ, അവര്‍ നിശബ്‌ദമായി സമൂഹത്തിനു മുന്നിലേക്ക്‌ ചില ചോദ്യങ്ങളുയര്‍ത്തുന്നു. സാമൂഹിക വികസനത്തെപ്പറ്റി നാഴികക്കു നാല്‍പ്പതുവട്ടം ഗീര്‍വാണപ്രസംഗം നടക്കുന്ന നമ്മുടെ നാട്ടുകാരുടെ മുന്നിലേക്കെറിയുന്ന കുറേ ചോദ്യങ്ങള്‍.
തിരുവനന്തപുരം വര്‍ക്കല സ്വദേശി അനിലിനെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ മുറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. 40കാരനായ അനിലിന്റെ ഭാര്യ നാട്ടില്‍ മറ്റൊരാളുടെകൂടെ ഒളിച്ചോടി. നാട്ടില്‍ പോയി മടങ്ങിയതിന്റെ പിറ്റേന്നായിരുന്നു അനിലിന്റെ മരണം. രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയത്‌ ഒരുക്കൂട്ടി വെച്ച ദിര്‍ഹമുകള്‍കൊണ്ട്‌ ഭാര്യയുടെയും മക്കളുടെയും മോഹങ്ങള്‍ക്കു മുന്നിലേക്കു ഗള്‍ഫു സാമാനങ്ങളും പേറിപ്പോയ അനില്‍ അറിയുന്നത്‌, താന്‍ തന്റേതുമാത്രമെന്നു കരുതിയ പ്രിയതമ പോലും തന്റെതല്ലാതായെന്ന സത്യമാണ്‌. സാധനങ്ങള്‍ വാങ്ങിനിറച്ച്‌ വരിഞ്ഞു കെട്ടി കൊണ്ടുപോയ പെട്ടിക്കാണ്‌ തന്നെക്കാള്‍ പരിഗണന വീട്ടുകാരില്‍നിന്നും കിട്ടിയതെന്ന്‌ മനസിലാക്കിയപ്പോഴും തങ്ങളുടെമാത്രം ലോകത്ത്‌ ഭാര്യ കൂട്ടിനുണ്ടാകുമെന്ന്‌ ആഗ്രഹിച്ച അനിലിനാണ്‌ നടുക്കുന്ന അറിവുകള്‍ കിട്ടിയത്‌. സ്‌നേഹം പങ്കുവെച്ച നാളുകളിലെ വിശ്വാസങ്ങള്‍, മറിച്ചുള്ള ചിന്തകളെപ്പോലും അസ്ഥാനത്താക്കിയപ്പോള്‍ 14 വര്‍ഷത്തെ സമ്പാദ്യമെല്ലാം ഭാര്യയുടെ പേരിലാണ്‌ ഇയാള്‍ എഴുതി വെച്ചത്‌. മറ്റാര്‍ക്കോ വേണ്ടി മനസും ശരീരവും പങ്കുവെക്കുന്ന ഭാര്യയെക്കുറിച്ചുള്ള സങ്കടങ്ങള്‍ അനില്‍ പലപ്പോഴും കൂട്ടുകാരോടു പങ്കുവെച്ചു. രണ്ടുകുട്ടികളുടെ അമ്മയായിരുന്നിട്ടു പോലും ഒരു പൂജാരിയോടൊപ്പം ഭാര്യ ഒളിച്ചോടിയപ്പോള്‍ ഗള്‍ഫുകാരനു ചുറ്റും സമൂഹം സൃഷ്‌ടിക്കുന്ന അസ്വസ്ഥതയുടെ അരക്ഷിതാവസ്ഥയുടെ അടയാളങ്ങളെ ഓര്‍മപ്പെടുത്തി. കൂടുതല്‍ വിശ്വാസത്തിലെടുക്കേണ്ട മനുഷ്യരില്‍നിന്നു പോലും ചൂഷണത്തിന്റെ കവര്‍ന്നെടുക്കലുകളുണ്ടാകുന്നു എന്ന്‌ ബോധ്യപ്പെടുത്തിയാണ്‌ അനില്‍ മരണക്കുരുക്കില്‍ അഭയം പ്രാപിച്ചത്‌. രണ്ടുകുട്ടികള്‍ ഇനി അനാഥര്‍. ഭാര്യക്ക്‌ പൂജാരിയോടൊപ്പം സ്വസ്ഥജീവിതം. ഗള്‍ഫുകാര്‍ക്ക്‌ മറ്റൊരു രക്തസാക്ഷികൂടി.
എന്നാല്‍, ഗള്‍ഫില്‍ ദുരിതക്കയത്തില്‍ മുങ്ങുന്നവരുടെ ആശ്രിതരില്‍ നാട്ടില്‍ നീറിപ്പുകഞ്ഞ്‌ കഴുകക്കണ്ണുകള്‍ക്കു പിടികൊടുക്കുംമുമ്പ്‌ ജീവിതശുദ്ധി കളയാതെ ജീവനൊടുക്കാന്‍ സന്നദ്ധരാകുന്നവരുമുണ്ട്‌. തിരുവനന്തപുരം വെമ്പായത്ത്‌ കൂട്ടആത്മഹത്‌ ചെയ്‌ത നാലംഗ കുടുംബം ഈ വഴിയാണ്‌ തിരഞ്ഞെടുത്തത്‌. പണവും പദവിയുമുണ്ടായിട്ടും ഗള്‍ഫുജീവിതം ആശ്വാസമല്ലെന്നാണ്‌ തിരുവനന്തപുരം വക്കം സ്വദേശി എഞ്‌ജിനീയര്‍ മുഹമ്മദ്‌ റാഫിക്ക്‌ മരണത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വന്നതില്‍നിന്നും മനസ്സിലാകുന്നത്‌. അതു നാളെ

Aug 18, 2007

ഗള്‍ഫ്‌ ബാലന്‍ഷീറ്റിലെ ചോരപ്പാടുകള്‍

പന്ത്രണ്ടു വര്‍ഷമായി ദുബൈ മംസാറില്‍ വീട്ടുജോലി ചെയ്‌തു വന്ന കണ്ണൂര്‍ മാലൂര്‍ സ്വദേശി സുലൈമാന്‍ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തു. അടുത്തമാസം രണ്ടിന്‌ നിശ്ചയിച്ചിരുന്ന മകളുടെ വിവാഹം നടത്തുന്നതിനുള്ള നോട്ടുകെട്ടുകളുടെ കണക്കുകള്‍ ചോദ്യങ്ങളായി സുലൈമാനെ അസ്വസ്ഥനാക്കി. ഒരു വ്യാഴവെട്ടക്കാലത്തെ ഗള്‍ഫ്‌ ജീവിതം സമ്മാനിച്ച അഭിമാനബോധം ഉത്തരങ്ങള്‍ തേടുന്നതിനു തടസമായപ്പോള്‍, അദ്ദേഹം സ്വയം ഒടുങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചയിച്ചുറപ്പിച്ച മകളുടെ വിവാഹമോ വിവാഹപ്രായമെത്തിയ മറ്റൊരു മകളെയോ അസുഖം ബാധിച്ച ഭാര്യയെയോ കുറിച്ചൊന്നും രക്ഷപ്പെടാനുള്ള വ്യഗ്രതകളില്‍ സുലൈമാന്‍ ഓര്‍ത്തുകാണില്ല.
പൊന്നും മണ്ണും പണയപ്പെടുത്തി കടം വാങ്ങിയ പണവുമായി കടലുകടന്ന്‌ അറബ്‌നാട്ടിലെ മണല്‍പ്പുറത്തെത്തുന്നതോടെ സ്വയം നിര്‍മിച്ചെടുക്കുന്നതും ഉറ്റവരും ഉടയവരും കെട്ടിയേല്‍പ്പിക്കുന്നതുമായ പകല്‍സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരങ്ങളിലേക്ക്‌ ഒരിക്കലും നടന്നടുക്കാനാകാതെ, ഗള്‍ഫുകാരന്‍ എന്ന പേരുദോഷം കൊണ്ടുമാത്രം സമൂഹത്തിന്റെ കാരുണ്യത്തിനുപോലും അര്‍ഹതയില്ലാതെ സങ്കടങ്ങള്‍ കടിച്ചമര്‍ത്തി പൊരിവെയിലത്ത്‌ വെന്തുജീവിക്കുന്ന നൂറുകണക്കിനു മനുഷ്യക്കോലങ്ങളാണ്‌ നിറംപിടിപ്പിച്ച നഗരങ്ങളുടെ പിന്നാമ്പുറത്തു കഴിയുന്നത്‌. സങ്കടങ്ങള്‍ താങ്ങാനാകാതെ ചില ദുര്‍ബല മനസ്‌കര്‍ സ്വയം ഒടുങ്ങുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ കരച്ചിലും പ്രിയതമയുടെ ദൈന്യത നിറഞ്ഞ കണ്ണുകളും നേരിടാനുള്ള കരുത്തില്ലാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ പട്ടിക പ്രവാസിമലയാളികള്‍ക്കിടയിലെ പുതിയ സാമൂഹിക ദുരന്തമാണ്‌.
ഇക്കഴിഞ്ഞ ആഴ്‌ചയില്‍ ഗള്‍ഫ്‌ ജീവിതവുമായി ബന്ധപ്പെട്ട പത്തോളം മലയാളികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ജബല്‍ അലിയില്‍ റസ്റ്റോറന്റ്‌ ജീവനക്കാരനായിരുന്ന കോഴിക്കോട്‌ സ്വദേശി പുലര്‍ച്ചെ ജോലിക്കെത്തി അല്‍പ സമയത്തിനകം കടയുടെ പിറകുവശത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഏഴുമാസം മുമ്പ്‌ ഷാര്‍ജയിലെത്തിയ തിരുവനന്തപുരം വെമ്പായം സ്വദേശി മനോഹരന്റെ അമ്മയും ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടില്‍ വിഷം കഴിച്ച്‌ കൂട്ടമരണം വരിച്ചതും ഇക്കഴിഞ്ഞ ദിവസം. അസുഖം ബാധിച്ചതിനാല്‍ ജോലിക്കു പോകാനാകാതിരുന്ന മനോഹരന്‍ ഗള്‍ഫില്‍ വരുന്നതിനായി വാങ്ങിയ വായ്‌പകള്‍ തിരിച്ചടക്കാനാകാത്തതില്‍ മനംനൊന്താണ്‌ ഈ കുടുംബം സ്വയംഹത്യക്കു തയാറായത്‌. നാലു നിശ്ചല ശരീരങ്ങള്‍ക്കു മുന്നിലേക്കു മനോഹരനെന്ന ഗള്‍ഫുകാരന്‍ തകര്‍ന്ന നെഞ്ചുമായി യാത്രായായി. ഭാര്യ ഒളിച്ചോടിപ്പോയതറിഞ്ഞ്‌ നാല്‍പ്പതുകാരനായ വര്‍ക്കല സ്വദേശി അനില്‍ ദുബൈയിലെ താമസസ്ഥലത്ത്‌ തൂങ്ങിമരിച്ച വാര്‍ത്ത ഇന്നലെയാണ്‌ വന്നത്‌. ഇതര ഗള്‍ഫു നാടുകളില്‍നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നു. ഒരുവര്‍ഷത്തിനിടെ പുറത്തറിഞ്ഞതും അറിയാത്തതുമായ നിരവധി ആത്മഹത്യകളാണ്‌ പ്രവാസിമലയാളികളുമായി ബന്ധപ്പെട്ടു ഉണ്ടായത്‌. ഗള്‍ഫുകാരന്‌ അണിയേണ്ടി വന്ന പുറംപൂച്ച്‌ മരണവാര്‍ത്തയില്‍പോലും നിലനിര്‍ത്താന്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും നിര്‍ബന്ധിതരാകുന്നു. അങ്ങിനെ സ്വയം തിരഞ്ഞെടുക്കുന്ന അന്ത്യങ്ങള്‍ പോലും കുഴഞ്ഞുവീണ്‌ മരണങ്ങളായി മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ചിലപ്പോള്‍ അത്‌ മരിച്ചനിലയില്‍ കണ്ടെത്തി എന്ന കുറച്ചുകൂടി സൂചനകള്‍ ലഭിക്കുന്ന വരികള്‍ വരെ മാത്രം നീളുന്നു. ഗള്‍ഫില്‍വെച്ചും നാട്ടിലെത്തിയും സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവരെപ്പോലെ തന്നെ പ്രവാസികളുടെ ആശ്രിതരായി കഴുയുന്ന കുടുംബങ്ങള്‍ക്കും ജീവിതം തീര്‍ക്കാന്‍ തീരുമാനിക്കേണ്ടി വരുന്നത്‌ വര്‍ത്തമാനകാല ഗള്‍ഫിന്റെ നേര്‍ക്കാഴ്‌ചയാവുകയാണ്‌.
കടലിനുമീതെ മൈലുകള്‍ താണ്ടുമ്പോള്‍, പ്രവാസിയുടെ ഉരുകുന്ന മനസുകളില്‍ നാടും വീടും കുടുംബവും മക്കളുമൊക്കെ ഭീതിയുടെ അടയാളങ്ങളാണ്‌. അവര്‍ക്കു ചുറ്റും സുരക്ഷിതത്വത്തിന്റെ വേലികെട്ടാനാവുന്നില്ലല്ലോ എന്ന ആശങ്കകളിലാണ്‌ ഓരോ ദിനവും മണല്‍ക്കാട്ടിലവര്‍ കഴിച്ചുകൂട്ടുന്നത്‌. സ്വയം തീരുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ സാമ്പത്തിക കെണികള്‍ക്കുമപ്പുറം സാമൂഹികമായ അരുതായ്‌മകളുടെ, സദാചാര വിരുദ്ധതയുടെ തളര്‍ത്തുന്ന യാഥാര്‍ഥ്യങ്ങള്‍ക്കൂടിയുണ്ട്‌. എല്ലാം ഉള്ളിലൊതുക്കി പലതും പങ്കുവെക്കുമ്പോഴും ചിലതെല്ലാം ഉള്ളിലൊതുക്കാന്‍ നിര്‍ബന്ധിതനായി ഒരുവേള സ്വന്തം പിതാവിലും സഹോദരങ്ങളിലും വരെ അരക്ഷിതത്വത്തിന്റെ സൂചനകള്‍ സങ്കല്‍പ്പിച്ചെടുത്ത്‌ സ്വയംരോഗിയാകുന്നു ഓരോ പ്രവാസിയും. ഇത്തരം സംശയങ്ങള്‍ക്ക്‌ ചിലപ്പോഴെങ്കിലും യാഥാര്‍ഥ്യത്തിന്റെ ഇരുള്‍മറകളുണ്ടാകുന്നുണ്ട്‌. ഈ വിധം പ്രവാസികള്‍ അനുഭവിക്കുന്ന അസ്വസ്ഥതകളുടെ അന്ത്യമാണ്‌ മാലൂര്‍ സ്വദേശി സുലൈമാനിലൂടെയും വര്‍ക്കല സ്വദേശി അനിലിലൂടെയും പ്രകടമായത്‌.
ആത്‌മഹത്യ പരിഹാരമല്ലെന്ന്‌ തത്വോപദേശം നല്‍കാന്‍ എളുപ്പമാണ്‌. എന്നാല്‍ കടം വാങ്ങിയ 500 ദിര്‍ഹം പറഞ്ഞ തിയതിക്കകം തിരിച്ചു കൊടുക്കാനാകാതെ വരുമ്പോള്‍, ഉടമ ഒന്നിലധികം തവണ പണം ആവര്‍ത്തിച്ചു ആവശ്യപ്പെടുമ്പോള്‍ അഭിമാനബോധമുള്ളവരുടെ മനസില്‍ ഇരമ്പുന്ന നിരാശക്കടലുകളുടെ തീവ്രത ചെറുതല്ല. കളങ്കം കരുതാത്ത മനസുകളാണ്‌ ഇങ്ങനെ സ്വയം ഹത്യയുടെ വഴികള്‍ തിരഞ്ഞെടുക്കുന്നത്‌. വാക്കുമാറ്റിപ്പറഞ്ഞും കബളിപ്പിച്ചും സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്‌മത പാലിക്കാത്തവര്‍ക്ക്‌ ഇത്തരം അസ്വസ്ഥതകളുണ്ടാകാറില്ല. നാട്ടില്‍, തന്നെയും പ്രതീക്ഷിച്ചു കഴിയുന്ന കുടുംബത്തെയും കുട്ടികളെയും കുറിച്ചു ചിന്തിക്കാതെ ഇവിടെ സുഖജീവിതം നയിക്കുന്നവര്‍ക്കും ആകുലതകളുണ്ടാകാറില്ല. വിശ്വസിച്ചും സ്വപ്‌നങ്ങള്‍ നെയ്‌തും കാലം കഴിയാന്‍ കാത്തിരിക്കുന്നവര്‍ക്കുമാത്രം തിരിച്ചടികളെ താങ്ങാനാകാതെ വരുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടാന്‍ മനസു സമ്മതിക്കാതെ അവര്‍ സുരക്ഷിതമെന്നു കരുതുന്ന ലോകത്തേക്കു നിശബ്‌ദമായി യാത്രയാകുന്നു. ജീവനുതുല്യം സ്‌നേഹിച്ചവരില്‍നിന്നും ചതിയുടെ ചലനങ്ങള്‍ കേള്‍ക്കുമ്പോള്‍ കെട്ടിത്തൂങ്ങാനും വിഷമെടുത്തു മോന്താനും തിരക്കു കൂട്ടുന്നവരുടെ മനസിലെ കടലിരമ്പവും ഇതുതന്നെയാണ്‌. നാളെകളില്‍ ഒരു ജീവിതമുണ്ടെന്ന ഓര്‍മപോലും നഷ്‌ടപ്പെടുത്തുകയാണോ പ്രവാസത്തിന്റെ അനുഭവങ്ങള്‍...
സാമ്പത്തിക ബാധ്യതകള്‍ മാത്രമല്ല, സാമൂഹികസാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്ന ഒറ്റപ്പെടലുകളും പ്രവാസികള്‍ക്ക്‌ ഒളിച്ചോട്ടത്തിനു വഴിതുറക്കുന്നു. സുലൈമാനും അനിലും ഇത്തരം രണ്ടു കഥകളാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ നാളെ.

Jul 29, 2007

യു എ ഇ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ മത്‌സരം മുറുകുന്നു; ഉപഭോക്‌താക്കള്‍ക്ക്‌ ഗുണകരമാകും

ദുബൈ: യു എ ഇയിലെ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ മത്സരം മുറുകുന്നു. സേവനദാതാക്കള്‍ക്കിടയില്‍ മത്‌സര സ്വഭാവം വളര്‍ത്തുന്നതിനായി ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) നടത്തുന്ന ബോധപൂര്‍വമായ ഇടപെടലുകളുടെ ഫലമായാണിത്‌.
ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നീ സൗകര്യങ്ങള്‍ നല്‍കി വരുന്ന രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഇത്തിസലാത്തും ഡുവും തങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിവിധ അധികസേവനങ്ങളും നിരക്കളവും പ്രഖ്യാപിക്കുന്നതിലാണ്‌ മത്‌സരിക്കുന്നത്‌.
ലാന്‍ഡ്‌ ഫോണ്‍സേവന രംഗത്ത്‌ മത്‌സരത്തിനു വഴിതുക്കുന്ന അറബ്‌ലോകത്തെ മൂന്നാമത്തെ രാജ്യമാണ്‌ യു എ ഇ എന്നും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലളിതമായ ആശയ വിനിമയ സൗകര്യം സാധ്യമാക്കുന്നതിനൊപ്പം ടെലികമ്യൂണിക്കേഷന്‍ രംഗത്ത്‌ രാജ്യത്തെ ഒന്നാം നിരയിലേക്കു ഉയര്‍ത്തുകായണ്‌ ലക്ഷ്യമെന്ന്‌ ട്രാ ഡയറക്‌ടര്‍ ജനറല്‍ ശൈക്‌ മുഹമ്മദ്‌ അല്‍ ഗനീം പറയുന്നു.
രണ്ടാമത്തെ കമ്പനിയായ ഡുവിന്റെ കടന്നു വരവ്‌ ടെലികോം മേഖലയില്‍ പ്രതീക്ഷിച്ച വളര്‍ച്ച പ്രകടമാക്കാതിരുന്നതിനെത്തുടര്‍ന്നാണ്‌ ട്രാ ഇടപെട്ടത്‌. നിശ്ചിത തിയതിക്കകം ലാന്‍ഡ്‌ഫോണ്‍ സേവനം ആരംഭിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ അധികൃതര്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ ഡുവിന്‌ അന്ത്യശാസനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം ഡു ലാന്‍ഡ്‌ഫോണ്‍ സേവനത്തിനും തുടക്കമായി. സമാന്തര മുതല്‍മുടക്കു ഒഴിവാക്കുന്നതിനായി ഇത്തിസലാത്ത്‌ സ്ഥാപിച്ച നെറ്റ്വര്‍ക്കും കാബിള്‍ സൗകര്യവും ഉപയോഗിച്ചു തന്നെയാണ്‌ ഡുവിന്റെ ലാന്‍ഡ്‌ഫോണ്‍ സേവനമെന്നത്‌ ഈ മെഖലയിലെ പുതിയ പരീക്ഷണമായാണ്‌ വിലയിരുത്തപ്പെടുന്നത്‌.
സെക്കന്റടിസ്ഥാനത്തില്‍ നിരക്ക്‌ ഏര്‍പ്പെടുത്തിയാണ്‌ ഡു ലാന്‍ഡ്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഇത്തിസലാത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദീര്‍ഘ സമയ നിരക്കില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ടെലിഫോണ്‍ കോളുകളിലധികവും ഹ്രസ്വദൈര്‍ഘ്യമുള്ളതാണെന്നും ഇത്തരം കൂടുതല്‍ കോളുകള്‍ ചെയ്യേണ്ടി വരുന്നവര്‍ക്ക്‌ ഈ സേവനം ലാഭകരമായിരിക്കുമെന്നും ഡു പറയുന്നു. 10ദിര്‍ഹമാണ്‌ പ്രതിമാസ വാടക. അതേസമയം തിരഞ്ഞെടുക്കുന്ന ഒരു അന്താരാഷ്‌ട്ര നമ്പരിലേക്കു 30ശതമാനം കുറഞ്ഞ നിരക്കില്‍ വിളിക്കാനുള്ള സൗകര്യമൊരുക്കിയാണ്‌ ഇത്തിസലാത്ത്‌ ഡുവിന്‌ മറുപടി നല്‍കിയത്‌. പ്രവാസികള്‍ക്ക്‌ ഇത്‌ ഫലം ചെയ്യും. മൊബൈലുകളില്‍ മലയാളത്തില്‍ പ്രധാന വാര്‍ത്തകള്‍ നല്‍കി വരിക്കാര്‍ക്ക്‌ അധിക സേവനം നല്‍കാനും ഇത്തിസലാത്ത്‌ ആ ആഴ്‌ച തയാറായി.
സെക്കന്റടിസ്ഥാനത്തില്‍ നിരക്ക്‌ എന്നത്‌ ഡു മൊബൈലിന്‌ ലഭിക്കുന്ന സ്വീകാര്യത ഇപ്പോഴും തുടരുകയാണ്‌. കവറേജ്‌ സംബന്ധിച്ച്‌ ഇടക്കാലത്ത്‌ പരാതികളുണ്ടായെങ്കിലും പരിഹരിച്ചുവെന്നാണ്‌ ഡു അവകാശപ്പെടുന്നത്‌. വ്യാപാരസ്ഥാപനങ്ങല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇടപാടു നടത്തുന്നവര്‍ക്ക്‌ നാമമാത്രനിരക്കില്‍ കണക്‌ഷന്‍ നല്‍കി ഡു വരിക്കാരെ ആകര്‍ഷിക്കുന്നു.
മൊബൈല്‍ഫോണ്‍ ഉപയോഗം ആസ്വാദകരമാക്കുന്നതിനുള്ള ഗ്രീട്യൂണ്‍ പോലുള്ള സേവനങ്ങള്‍ അവതരിപ്പിച്ചും ഇരുകമ്പനികളും വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നു. മേഖലയിലെ മത്സരസ്വഭാവം നിലനിര്‍ത്താന്‍ ട്രായുടെ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന്‌ മുഹമ്മദ്‌ അല്‍ഗനീം പറഞ്ഞു.

Jul 28, 2007

വിവരങ്ങള്‍ ചോര്‍ത്തുന്ന വെബ്‌സൈറ്റുകള്‍ക്ക്‌ വന്‍പ്രചാരം; കബളിക്കപ്പെടുന്നവരില്‍ അഭ്യസ്ഥവിദ്യരും


ദുബൈ: ഇ-മെയില്‍ അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക ലക്ഷ്യമിട്ടുള്ള വെബ്‌ സോഫ്‌ട്‌ വെയറുകള്‍ ഇന്റര്‍നെറ്റ്‌ പ്രയോക്താക്കള്‍ക്കിടയില്‍ പ്രവഹിക്കുന്നു. കമ്മ്യൂണിറ്റി വെബ്‌ സൈറ്റുകള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വാധീനം ഉപയോഗപ്പെടുത്തിയാണ്‌, ലോകത്തെ വിവിധ കോണുകളിലുള്ളവരുമായി ആശയ വിനിമയ സൗകര്യം വാഗ്‌ദാനം ചെയ്‌തു കൊണ്ടുള്ള ക്ഷണം ഇ-മെയിലുകള്‍ വഴി ലഭിക്കുന്നത്‌. സ്‌ലിമ്മര്‍, ദൂസ്‌ (dhoos) ഡെസ്‌ക്‌ടോപ്പ്‌ ഡേറ്റിംഗ്‌ തുടങ്ങിയ സോഫ്‌റ്റ്‌ വെയറുകള്‍ക്കാണ്‌ യു എ ഇയില്‍ ഇ മെയില്‍ ഉപയോക്താക്കളെ ശല്യം ചെയ്യുന്നത്‌.
ജിമെയില്‍, യാഹു, ഹോട്ട്‌മെയില്‍ തുടങ്ങി ഒന്നിലധികം ഇമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ഒരു വെബ്‌പേജില്‍ നിന്നും സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്തുകയും പുതിയ സൗഹൃദ്‌ ബന്ധങ്ങളെ തേടുകയും ചെയ്യാമെന്ന സേവനമാണ്‌ ഈ വെബ്‌സൈറ്റുകള്‍ അവതരിപ്പിക്കുന്നത്‌. ക്ഷണം സ്വീകരിച്ച്‌ ഇ-മെയില്‍ വിലാസവും പാസ്‌വേര്‍ഡും നല്‍കുന്നതോടെ മുഴുവന്‍ അക്കൗണ്ടുകളിലേയും വിവരങ്ങള്‍ സൈറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ ലഭിക്കുന്നു. ഇതോടൊപ്പം ഈ അക്കൗണ്ടുകളിലെല്ലാം ശേഖരിച്ചു വെച്ചിട്ടുള്ള സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം ഇ-മെയില്‍ വിലാസങ്ങളിലേക്ക്‌ ഉപയോക്താവിന്റെ പേരില്‍ സൈ റ്റില്‍ അംഗമാകാനാവശ്യപ്പെട്ട്‌ പുതിയ ക്ഷണം പോകുന്നു.
പരിചിതരും വിശ്വസ്‌തരുമായവരുടെ മെയില്‍ അഡ്രസുകളില്‍ നിന്നും വരുന്ന പുതിയ സൈറ്റിലേക്കുള്ള ക്ഷണമായതിനാല്‍ കൂടുതല്‍ ആലോചിക്കാതെ പലരും സ്വീകരിക്കുന്നു. ഇങ്ങിനെ അവരുടെ അക്കൗണ്ടുകളിലെ വിവരങ്ങളും ചോര്‍ത്തപ്പെടുന്നു. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ള അഭ്യസ്ഥവിദ്യര്‍ വരെ ഈ ചതിക്കുഴിയില്‍ വീണു കഴിഞ്ഞു. ഇ-മെയില്‍ അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിഗത വിവരങ്ങളെ വാണിജ്യപരമായി ഉപയോഗിക്കുന്നതിനായി വില്‍പ്പന നടത്തുന്നതിനുള്ള സൈബര്‍ ലോബിയാണ്‌ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക്‌ പിന്നിലെന്നാണ്‌ ഐ ടി വിദഗ്‌ധര്‍ പറയുന്നത്‌.
ബേങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ ഉത്‌പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയവയിലേക്കെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇ-മെയില്‍ സന്ദേശങ്ങള്‍ വഴിയുള്ള പ്രചാരം അടുത്ത കാലത്തായി വ്യാപിച്ചിട്ടുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ വകുപ്പ്‌തിരിച്ച്‌ ഇ-മെയില്‍ വിലാസങ്ങള്‍ കൈമാറുന്ന ബിസിന സും ഇതിനകം രൂപപ്പെട്ടിട്ടുണ്ട്‌. ഇ-മെയില്‍ വഴി ലഭിക്കുന്ന ഫലപ്രദമായ അന്വേഷണങ്ങള്‍ക്കനുസരിച്ചാണ്‌ പ്രതിഫലം. ലോ കത്തെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ മെയില്‍ വിലാസങ്ങള്‍ മൊത്തത്തില്‍ വില്‍ക്കുക ലക്ഷ്യമിട്ടാണ്‌ ഇത്തരം വിവരം ചോര്‍ത്തല്‍ വെബ്‌സൈറ്റുകള്‍ വ്യാപകമാക്കുന്നത്‌.
അതിനിടെ, ഇ-മെയില്‍ വിലാസങ്ങള്‍ വഴി സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പ്‌ നടത്തുന്നതും വ്യാപകമായിട്ടുണ്ട്‌. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലും മത്സരങ്ങള്‍, വന്‍കിട കമ്പനികളുടെ ഓഫറുകള്‍, ലോട്ടറി തുടങ്ങി വ്യാജ പേരുകളിലും തട്ടിപ്പു നടക്കുന്നു. ഇ-മെയില്‍ വഴി വന്‍സംഖ്യ ഓഫര്‍ ചെയ്‌ത്‌ പണം അക്കൗണ്ടിലേക്ക്‌ മാറുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ട്‌ തട്ടിപ്പു നടത്താന്‍ തുനിഞ്ഞ മൂന്നംഗ സംഘത്തെകഴിഞ്ഞ ദിവസം ഷാര്‍ജയില്‍ അറസ്റ്റു ചെയ്‌തതായി ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറാന്‍ ആഗ്രഹിക്കുന്നതായി സന്ദേശം അയച്ച്‌ പണം ബേങ്ക്‌ വഴി കൈമാറുന്നതിനായി സര്‍വീസ്‌ മണി ആവശ്യപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്ത നേരത്തെ സിറാജ്‌ പ്രസിദ്ധീകരിച്ചിരുന്നു.
ബേങ്ക്‌ ലോണ്‍ വാഗ്‌ദാനം ചെയ്‌തുള്ള ഇ-മെയില്‍ വിലാസങ്ങള്‍ വ്യാപകമാകുന്നതായും പലരും തട്ടിപ്പിനിരയാകുന്നതായുമുള്ള വാര്‍ത്ത ഇന്നലെ ഖലീജ്‌ ടൈംസും റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളും വിലാസങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സൈറ്റ്‌ അവതാരകരില്‍ നിന്നാണ്‌ ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നത്‌.

Jul 27, 2007

മാനംമുട്ടിയ മാളിക


`നീലാകാശങ്ങളിലേക്കു ഗോവണി കയറിപ്പോകാം' കുട്ടിക്കഥകളിലെ സാങ്കല്‍പ്പികമായ ഈ പ്രയോഗത്തിന്‌ യാഥാര്‍ഥ്യത്തിന്റെ ചുവരുകള്‍ പണിതുയരുമെന്ന്‌ പണ്ടു കാലത്തെ മനുഷ്യരാരും വിചാരിച്ചു കാണില്ല. എന്നാല്‍, കളിക്കോപ്പു കണക്കെ അത്ഭുതങ്ങളെ വിനോദമാക്കി മാറ്റിയ ദുബൈ നഗരത്തില്‍ ആകാശങ്ങളിലേക്ക്‌ ചവിട്ടുപടികള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. മാനം മുട്ടാറായ ഈ ഗോവണിഗോപുരത്തിന്റെ മുകള്‍ത്തട്ടിലെ ചില്ലുവാതിലിലിനരികെ നിന്ന്‌ ഇനി മേഘക്കീറുകളോട്‌ വര്‍ത്തമാനം പറയാം. നക്ഷത്രങ്ങളിലേക്ക്‌ വിരല്‍ചൂണ്ടാം. മഴ കീഴ്‌പ്പോട്ടു പെയ്യുന്നതു കാണാം. വിമാനങ്ങളില്‍പോകുന്നവരോട്‌ തല ഉയര്‍ത്താതെ കൈവീശാം. അറേബ്യന്‍ ഗല്‍ഫിലെ തിരമാലകളെയും ഒഴുകിപ്പോകുന്ന നൗകകളേയും കണ്ട്‌ ആവേശം കാള്ളാം.
ഇത്‌ ബുര്‍ജ്‌ദുബൈ, ഉയരത്തിലും നിലകളുടെ എണ്ണത്തിലും ലോകത്തെ എല്ലാ കണക്കുകളെയും പിറകിലാക്കിയ കെട്ടിടം. 512.1മീറ്റര്‍ ഉയരത്തില്‍ 141 നിലകളാണ്‌ ഈമാസം 21ന്‌ ബുര്‍ജ്‌ദുബൈ കൈവരിച്ചത്‌. നിര്‍മാണം തുടങ്ങി മൂന്നു വര്‍ഷം തികയും മുമ്പാണ്‌ ഈ റെക്കോര്‍ഡ്‌.
മൂന്നു പതിറ്റാണ്ടുകൊണ്ട്‌ ദുബൈ അങ്ങാടിയെ ലോകത്തിന്റെ `നാല്‍ക്കവല'യാക്കി മാറ്റിയെടുത്ത ശൈഖ്‌ റാശിദ്‌ ബിന്‍ സഈദ്‌ അല്‍ മക്‌തൂമിന്റെയും ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്‌തൂമിന്റെയും ധൈഷണികവും ചടുലവുമായ ചുവടുവെപ്പുകളാണ്‌ ഉയരങ്ങളുടെ ബംഗ്ലാവുകളില്‍ തെളിഞ്ഞു കാണുന്നത്‌.
അറബിയിലെ ബുര്‍ജ്‌ എന്ന പദത്തിന്‌ മലയാളത്തില്‍ മാളിക, ഗോപുരം, കോട്ട, ഖുബ്ബ, സ്‌തംഭം, തൂണ്‌ എന്നീ അര്‍ഥങ്ങളാണുള്ളത്‌. ഇവയെല്ലാം ബുര്‍ജ്‌ദുബൈക്കു ചേരും. അങ്ങിനെയാണതിന്റെ രൂപവും ഘടനയും ഉള്ളടക്കവും.
2004 സെപ്‌തംബര്‍ 21നു നിര്‍മാണം തുടങ്ങിയ ബുര്‍ജ്‌ 2008 ഡിസംബറില്‍ പൂര്‍ത്തിയാകുമ്പോള്‍ 700 മീറ്റര്‍ ഉയരത്തില്‍ 180 നിലകളാണ്‌ ലക്ഷ്യമിടുന്നത്‌. എന്നാല്‍, കൃത്യമായ ഉയരവും നിലകളുടെ എണ്ണവും നിര്‍മാതാക്കള്‍ ഇപ്പോഴും രഹസ്യമാക്കിവെച്ചിരിക്കുന്നു. ഉയരത്തില്‍ മുന്നില്‍ നില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിത്തന്നെ. ഉയരം കൂടിയ ആന്റിന സ്ഥാപിച്ച കെട്ടിടം എന്ന ബുഹുമതി കൂടി ബുര്‍ജ്‌ദുബൈ കൈവരിക്കാനിരിക്കുകയാണ്‌. ഉയരം കൂടിയ കെട്ടിടങ്ങളെ അടയാളപ്പെടുത്തുന്ന അന്താരാഷ്‌ട്ര ഏജന്‍സികളുടെ നിബന്ധനകളില്‍ ആന്റിനയുടെ ഉയരവും പ്രത്യേകം എടുത്തു പറയുന്നുണ്ട്‌. ഇതോടെ ചിക്കാഗോയിലെ സിയാര്‍സ്‌ ടവറിനെ ബുര്‍ജ്‌ പിറകിലാക്കും.
താങ്ങുകളില്ലാതെ സ്വതന്ത്രമായി ഭൂമിയില്‍ നില്‍ക്കുന്ന ഉയരം കൂടിയ കെട്ടിടമെന്ന ബഹുമതിക്കും ദുബൈയിലെ ഗോപുരം വൈകാതെ അര്‍ഹമാകും. ടൊറോന്‍ഡോയിലെ സി എന്‍ ടവറിനാണ്‌ ഇപ്പോള്‍ ഈ അംഗീകാരം.
അമ്പതു കിലോമീറ്റര്‍ മാത്രം അകലെ ഉയര്‍ന്നു വരുന്ന അല്‍ ബുര്‍ജ്‌, ബഹ്‌റൈനിലെ മര്‍ജാന്‍ ടവര്‍, കുവൈത്തിലെ മുബാറക്‌ അല്‍ കബീര്‍ ടവര്‍, എന്നീ പദ്ധതികളുമായാണ്‌ ബുര്‍ജ്‌ദുബൈ ഇപ്പോള്‍ റെക്കോര്‍ഡുകള്‍ക്കു വേണ്ടി മത്‌സരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഈ സ്‌തംഭത്തിന്റെ ഉയരവും വളര്‍ച്ചയും എവിടെ അന്ത്യവിരാമമിടുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാകുന്നില്ല.
ലോകത്തെ വന്‍കിട നിര്‍മാതാക്കളുടെയും ഡിസൈനര്‍മാരുടെയും സേവനങ്ങള്‍ സമന്വയിപ്പിച്ച്‌, ഇമാര്‍പ്രോപ്പര്‍ട്ടീസ്‌ നിര്‍മിക്കുന്ന ബുര്‍ജ്‌ദുബൈയുടെ പ്രധാന കെട്ടിട നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്‌ സൗത്ത്‌ കൊറിയയില്‍നിന്നുള്ള സാംസംഗ്‌ കോര്‍പറേഷനാണ്‌. ബുര്‍ജ്‌ ദുബൈ ഉള്‍ക്കൊള്ളുന്ന ദുബൈ ഡൗണ്‍ടൗണ്‍ വികസന പദ്ധതിക്ക്‌ 20ബില്യണ്‍ യു എസ്‌ ഡോളറാണ്‌ ചെലവു കണക്കാക്കുന്നത്‌. 30,000 വീടുകളും ലോകത്തെ വലിയ ഷോപ്പിംഗ്‌ മാളും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഡൗണ്‍ടൗണ്‍ പദ്ധതി ബുര്‍ജ്‌ ദുബൈക്ക്‌ മികച്ച പശ്ചാത്തല സൗകര്യമൊരുക്കും.
175 റൂമുകളുള്ള ഹോട്ടല്‍, 144 ലക്ഷ്വറി റസിഡന്‍ഷ്യല്‍ സ്യൂട്ട്‌ എന്നിവയും 17 മുതല്‍ 108 വരെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന 800 അപ്പോര്‍ട്ടുമെന്റുകള്‍, വന്‍കിട കമ്പനികളുടെ ആസ്ഥാന കാര്യാലയങ്ങള്‍, പ്രമുഖരുടെ അപ്പാര്‍ട്ടുമെന്റുകള്‍, ക്ലബുകള്‍, സിമ്മിംഗ്‌പൂള്‍, മിനി സ്‌പോര്‍ട്‌സ്‌ കോര്‍ണര്‍ ഇവയെല്ലാം ചേര്‍ന്ന്‌ ഉയരത്തിലുള്ള ഒരു മനുഷ്യനിര്‍മിത ലോകമാക്കി ഈ ഗോപുരത്തെ പ്രശസ്‌തമാക്കും. ലക്‌ഷ്വറി സ്യൂട്ടുകളും അപ്പാര്‍ട്ടുമെന്റുകളും ഇപ്പോള്‍ വില്‍പ്പനക്കു വെച്ചിരിക്കുകയാണ്‌. ലോകത്തെ പ്രമുഖ വ്യാപാരികളും വ്യവസായികളുമെല്ലാം ഇവിടെ മുറി സ്വന്തമാക്കാനാഗ്രഹിക്കുന്നു.

ഒരു ദിവസത്തെ ഉപയോഗത്തിനുമാത്രം 2,50,000 ഗ്യാലന്‍ വെള്ളമാണ്‌ ബുര്‍ജ്‌ദുബൈക്കു വേണ്ടി വരിക. 100 വാട്ടിന്റെ 3,60,000 ബള്‍ബുകള്‍ മാളികയില്‍ പ്രകാശം പരത്താന്‍ വേണ്ടി വരും. ബുര്‍ജ്‌ ദുബൈയുടെ ഉപരിതല വിസ്‌തൃതിയെ 17 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ക്ക്‌ സമാനം എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, ചൈന, ഫിലിപ്പൈന്‍സ്‌ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു വിദഗ്‌ധരും അവിദഗ്‌ധരുമായ തൊഴിലാളികളാണ്‌ ബുര്‍ജ്‌ദുബൈ പടുത്തുയര്‍ത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചത്‌.
പുരാതന അറബ്‌ നിര്‍മാണ രീതികള്‍ക്കൊപ്പം ഇസ്‌ലാമിക രുപകല്‍പ്പനയും സമന്വയിപ്പിച്ചാണ്‌ ബുര്‍ജ്‌ ദുബൈയുടെ മാതൃകയും നിര്‍മാണവും നടത്തിയിരിക്കുന്നത്‌.
കെട്ടിടത്തിന്റെ പുറംഭാഗത്ത്‌ കണ്ണാടിപ്രതലമുള്ള അലുമിനിയവും സ്റ്റൈന്‍ലസ്‌ സ്റ്റീലും ഉപയോഗിച്ചാണ്‌ അലങ്കരിക്കുക. ദുബൈയിലെ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനാകുംവിധമുള്ള ആവരണമാണ്‌ ലക്ഷ്യമിടുന്നത്‌.
2004 സെപ്‌തംബര്‍ 21ന്‌ നിര്‍മാണം ആരംഭിച്ചതു മുതലുള്ള മുന്നേറ്റങ്ങളെല്ലാം ബുര്‍ജ്‌ ദുബൈക്ക്‌ നിര്‍ണായകങ്ങളായിരുന്നു. ദുബൈയില്‍ ഉയര്‍ന്നു നിന്ന കൂറ്റന്‍ കെട്ടിടങ്ങളെയെല്ലാം അതു മറികടന്നപ്പോള്‍ ശൈഖ്‌ സാഇദ്‌ റോഡുവഴി സഞ്ചരിക്കുന്നവരെല്ലാം ബുര്‍ജിലേക്കു വെറുതെ കണ്ണുപായിച്ചു. ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്കു ബുര്‍ജ്‌ ഉയര്‍ന്നു പോകുന്നതില്‍ പ്രവാസികളും സ്വദേശികളും ഒരു പോലെ ഊറ്റംകൊണ്ടു. വികസനവേഗത്തില്‍ അവിശ്വസനീയമായ ചുവടുകള്‍ വെക്കുന്ന ദുബൈയില്‍ വാട്ടര്‍ബസും മെട്രോ ട്രെയിനും ജബല്‍അലി എയര്‍പോര്‍ട്ടുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ പണിതു വരുന്നതിനൊപ്പം തന്നെ ബുര്‍ജ്‌ദുബൈയും ചരിത്രത്തിലേക്കും ആകാശത്തിലേക്കും ഒരു പോലെയാണ്‌ ഉയരം വെക്കുന്നത്‌. അംബരചുംബിയായി...

Jul 25, 2007

കുവൈത്ത്‌ ദീനാറിന്റെ മൂല്യം പുനര്‍നിര്‍ണയിച്ചു; യു എ ഇ സഊദി കറന്‍സികള്‍ ശക്തിപ്പെടുന്നു


ദുബൈ: അമേരിക്കന്‍ ഡോളറിനെതിരെ കുവൈത്ത്‌ ദിനാറിന്റെ വിനിമയ മൂല്യം വീണ്ടും ശക്തിപ്പെടുത്തി. 1.7 ശതമാനം അനുപാതത്തില്‍ ദിനാറിനെ ശക്തിപ്പെടുത്താനാണ്‌ ഇന്നലെ കുവൈത്ത്‌ അനുമതി നല്‍കിയത്‌. ഡോളറിന്റെ വിലയിടിവിനെത്തുടര്‍ന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്കന്‍ ഡോളറുമായുള്ള കുവൈത്ത്‌ ദിനാറിന്റെ ആശ്രിതത്വം അവസാനിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. എണ്ണ ഉത്‌പാദന രാജ്യങ്ങളായ മറ്റു ഗള്‍ഫ്‌ രാജ്യങ്ങളും ഡോളറുമായുള്ള ആശ്രിതത്വം അവസാനിപ്പിക്കാന്‍ മുന്നോട്ടുവരുമെന്നും ഇത്‌ പൊതു ജി സി സി കറന്‍സി ആശയത്തെ ബലപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും യു എസ്‌ ഡോളറുമായുള്ള ആശ്രിതത്വം തുടരുമെന്നാണ്‌ യു എ ഇ ഉള്‍പ്പെടെ രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്‌.
മറ്റു ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ തങ്ങളുടെ കറന്‍സി മൂല്യം ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞ പ്പോഴാണ്‌ കുവൈത്തിന്‌ ദീനാറിന്റെ മൂല്യം പുനഃനിര്‍ണയിക്കേണ്ടി വന്നത്‌.
മധ്യപൗരസ്‌ത്യദേശത്തെ പ്രമുഖ എണ്ണയുല്‍പാദന രാജ്യമായ കുവൈത്ത്‌, തങ്ങളുടെ കറന്‍സിയുടെ വിനിമയ മൂല്യം ബലപ്പെടുത്തിയിട്ടും മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ ആദ്യത്തേതിനേക്കാള്‍ ബലക്കുറവാണ്‌ രേഖപ്പെടുത്തിയത്‌. ഡോളറുമായുള്ള ആശ്രിതത്വം അവസാനിപ്പിച്ച ശേഷം രണ്ടുമാസത്തിനിടെ ഇത്‌ മൂന്നാം തവണയാണ്‌ കുവൈത്ത്‌ ദിനാറിന്റെ വിനിമയ മൂല്യം ബലപ്പെടുത്തുന്നത്‌.
ഡോളറിന്‌ 0.28200 ദിര്‍ഹമായിരുന്ന ഇന്നലത്തെ വിനിമയ നിരക്ക്‌. സെന്‍ട്രല്‍ ബേങ്ക്‌ 0.28195 നിരക്കില്‍ വാങ്ങി 0.28205 നിരക്കിലാണ്‌ വില്‍പന നടത്തിയത്‌. രണ്ടു മാസം മുമ്പ്‌ ഡോളറുമായുള്ള കുവൈത്ത്‌ ദിനാറിന്റെ വിനിമയ മൂല്യം 0.28690 ആയിരുന്നു.
കുവൈത്ത്‌ ദിനാറിന്റെ ശക്തിപ്പെടല്‍ എണ്ണ ഉത്‌പാദന രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെ ബേങ്കുകളിലെ വ്യാപാരത്തേയും സ്വാധീനിക്കുമെന്നും ദുബൈ എമിറേറ്റ്‌ ബേങ്ക്‌ ട്രഷറി മാനേജര്‍ റോഹിത്‌ കെദിയ പറഞ്ഞു. യു എ ഇ ദിര്‍ഹം ശക്തിപ്പെടുത്തലിന്റെ ചെറിയ സൂചന ഇന്നലെ തന്നെ പ്രകടമായതായി സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ഡോളറുമായുള്ള വിനിമയ നിരക്ക്‌ 3.97229/31ല്‍ നിന്നും 3.97219/22ലേക്ക്‌ ഉയര്‍ന്നാണ്‌ വളര്‍ച്ച സൂചിപ്പിച്ചത്‌. സഊദിയിലാകട്ടെ, 3.7505/6ല്‍ നിന്നും 3.7495/97ലേക്ക്‌ ഉയര്‍ന്ന്‌ കരുത്തു കാട്ടി. യു എ ഇ ദിര്‍ഹമുമായി താരതമ്യം ചെയ്യുമ്പോള്‍, കുവൈത്ത്‌ ദീനാറിന്റെ മൂല്യം നിര്‍ജീവമാകുന്ന പ്രതിഭാസമാണ്‌ പ്രകടമാകുന്നതെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

Jul 24, 2007

ഇന്ത്യ - ജി സി സി സ്വതന്ത്രവ്യാപാരക്കരാര്‍ ഉടന്‍; സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാകും

മനാമ: ഗള്‍ഫ്‌ സഹകരണ കൗണ്‍സിലും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച്‌ ഈ വര്‍ഷം അവസാനത്തോടെ അന്തിമ രൂപം തയ്യാറാകും.
ഗള്‍ഫ്‌ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും വഴിവെക്കുന്ന കരാര്‍ ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന്‌ എല്ലാ രാജ്യങ്ങളിലും സജീവമായ നീക്കങ്ങള്‍ നടക്കുന്നതായി വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ പറയുന്നു.
കരാറില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ക്കായി ഗള്‍ഫ്‌ സഹകരണ കൗണ്‍സിലും (ജി സി സി) ഇന്ത്യയും തമ്മില്‍ ചര്‍ച്ചകളും വില പേശലും തുടരുകയാണ്‌. ഈ വര്‍ഷാവസാനത്തോടെ അതിന്‌ അന്തിമ രൂപമാകുകയും അടുത്ത വര്‍ഷം ആദ്യം ഒപ്പുവെക്കാനാകുമെന്നും ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്‌ണഷെട്ടി പറഞ്ഞു. ബഹ്‌റൈന്‍ ഈ കരാറിനെ വളരെ ഗൗരവത്തോടെയാണ്‌ സമീപിക്കുന്നത്‌. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ വ്യാപാര വ്യവസായ രംഗത്തെ വളര്‍ച്ച ഏറെ മുന്നിലെത്തുമെന്നാണ്‌ ഭരണാധികാരികള്‍ പ്രതീക്ഷിക്കുന്നത്‌. മനാമയില്‍ ഒരു യോഗത്തില്‍ സംസാരിക്കവേ ബാലകൃഷ്‌ണ ഷെട്ടി പറഞ്ഞു.
കരാര്‍ യാഥാര്‍ഥ്യമാകുന്നത്‌ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ ഉണര്‍വിനൊപ്പം തൊഴില്‍ മേഖലയിലും പുതിയ അവസരങ്ങള്‍ക്കു വഴി തുറക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള കഴിഞ്ഞ വര്‍ഷത്തെ കയറ്റിറക്കു വ്യാപാരം 532.08 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതായിരുന്നു. എന്നാല്‍, അഞ്ച്‌ വര്‍ഷം മുമ്പ്‌ ഇത്‌ 343.59 ദശലക്ഷം ഡോളറിന്റേതുമാത്രമായിരുന്നു.
സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ യു എ ഇ, സഊദി, ഖത്തര്‍, കുവൈത്ത്‌, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായും പുതിയ വ്യാപാര ഇടപാടുകള്‍ വികസിപ്പിക്കാനാകുമെന്ന്‌ ഇന്ത്യയിലെ വലിയൊരു വിഭാഗം വ്യവസായികള്‍ കണക്കുകൂട്ടുന്നു.
അമേരിക്കയുമായി സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ഗള്‍ഫ്‌ രാഷ്‌ട്രമാണ്‌ ബഹ്‌റൈന്‍. ഇന്ത്യയുമായിട്ടുള്ള കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ മാര്‍ക്കറ്റുമായി ഇന്ത്യന്‍ വ്യാപാരികള്‍ക്ക്‌ ബന്ധം സ്ഥാപിക്കുന്നതിനും വഴി തുറക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗള്‍ഫ്‌ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര വ്യവസായ ഇടപാടുകളില്‍ ഹബായി പ്രവര്‍ത്തിക്കുക ബഹ്‌റൈനായിരിക്കുമെന്നും വാണിജ്യ ലോകം വിലയിരുത്തുന്നു.
ഉദാരവത്‌കൃത വ്യാപാര വ്യവസായ നയങ്ങള്‍ പുലര്‍ത്തുന്നതിനാല്‍ ബഹ്‌റൈനിലെ കമ്പനികളുമായി യോജിച്ച്‌ പുതിയ പദ്ധതികള്‍ക്ക്‌ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ സന്നദ്ധമാകുന്നുണ്ട്‌. ഇതേ സാഹചര്യം യു എ ഇയിലും നിലനില്‍ക്കുന്നു. സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നയങ്ങള്‍ കൂടുതല്‍ ലളിതവത്‌കരിക്കപ്പെടുമെന്നും പ്രതീക്ഷയുണ്ട്‌.

Jul 22, 2007

മണി എക്‌സ്‌ചേഞ്ച്‌ നിരക്കുകള്‍ ഏകീകരിക്കുന്നു; പണമയക്കാന്‍ ചെലവു കൂടും

ദുബൈ: മണി എക്‌സ്‌ചേഞ്ച്‌ സ്ഥാപനങ്ങളില്‍ പണമയക്കുന്നതിനുള്ള നിരക്ക്‌ ഏകീകരിക്കുന്നു. മണി എക്‌സ്‌ചേഞ്ച്‌ സ്ഥാപനങ്ങളുടെ കൂട്ടായ്‌മക്കു രൂപം നല്‍കിയാണ്‌ പണമയക്കാനുള്ള നിരക്ക്‌ 15ദിര്‍ഹമാക്കി നിശ്‌ചയിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്‌. സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്‌സരത്തിലൂടെയും വിവിധ ഓഫറുകളിലൂടെയും ചുരുങ്ങിയ നിരക്കില്‍ നാട്ടിലേക്കു പണമടക്കാന്‍ ലഭിച്ചിരുന്ന അവസരം ഇതോടെ നഷ്‌ടപ്പെടും. പ്രവാസികളില്‍ ഭൂരിഭാഗം പേരും മണി എക്‌സ്‌ചേഞ്ച്‌ സ്ഥാപനങ്ങളെയാണ്‌ പണമയക്കുന്നതിനായി ആശ്രയിക്കുന്നത്‌. നിരക്കു ഉയരുന്നത്‌ സാധാരണക്കാരെ സാരമായി ബാധിക്കും. രൂപയുടെ മൂല്യം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ ദിര്‍ഹമുമായുള്ള വിനിമയ നിരക്കില്‍ ഉണ്ടായ വ്യത്യാസം പ്രവാസികള്‍ക്ക്‌ ആയിരക്കണക്കിനു രൂപയുടെ നഷ്‌ടം ഉണ്ടാക്കിയതിനു പുറമേയാണ്‌ ഈ തീരുമാനവും തിരിച്ചടിയാകുന്നത്‌. എല്ലാ സ്ഥാപനങ്ങളില്‍നിന്നും ഒരേ നിരക്കില്‍ പണമയക്കാമെന്ന സൗകര്യമുണ്ടാകുമെങ്കിലും ഫലത്തില്‍, ഏകീകരണം വരുന്നത്‌ നിരക്കുകള്‍ ഇടക്കിടെ ഉടരുന്നതിനുമിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്‌സരം ഒഴിവാക്കി പ്രവര്‍ത്തനം സുഗമമാക്കുകയാണ്‌ കൂട്ടായ്‌മ കൊണ്ട്‌ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന്‌ യു എ ഇ എക്‌സ്‌ചേഞ്ച്‌ കോര്‍പറേറ്റ്‌ കമ്യൂണിക്കേഷന്‍ മാനേജര്‍ ജെ എച്ച്‌ പ്രശാന്ത്‌ പറഞ്ഞു. യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത മീറ്റിംഗ്‌ കഴിഞ്ഞ ദിവസം നടന്നു. വിശദമായ തീരുമാനങ്ങള്‍ പിന്നീടേ ഉണ്ടാകൂ. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും കൂട്ടായ്‌മകള്‍ ഒരേ സമയത്ത്‌ ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ച്‌ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു തുല്യമായ രീതികളാകും ഇനി മുതല്‍ എക്‌സ്‌ചേഞ്ചുകളും സ്വീകരിക്കുക. ഇതുമൂലം ഏത്‌ സ്ഥാപനത്തില്‍ നിന്നു ഇടപാടു നടത്തിയാലും ആനുകൂല്യങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അര്‍ഹരാകുമെങ്കിലും പ്രമോഷനുകള്‍ക്കു വേണ്ടി ചെലവിടുന്ന തുക ഒറ്റയ്‌ക്ക്‌ ചെലവിടേണ്ടി വരുന്നില്ലെന്നതാണ്‌ സ്ഥാപനങ്ങള്‍ കാണുന്ന ലാഭം.
അതേസമയം, സെപ്‌തംബര്‍ ഒന്നു മുതല്‍ പണമയക്കുന്നതിനുള്ള നിരക്ക്‌ ഉയര്‍ത്തുമെന്ന്‌ അറിയിച്ചുകൊണ്ടുള്ള നോട്ടീസ്‌ എക്‌സ്‌ചേഞ്ചുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നറിയുന്നു. യു എ ഇ എക്‌സ്‌ചേഞ്ച്‌, അഹല്യ എക്‌സ്‌ചേഞ്ച്‌, ആലുക്കാസ്‌, അല്‍ ഫര്‍ദാന്‍, വാള്‍ സ്വീറ്റ്‌, തോമസ്‌ കുക്ക്‌, ഏഷ്യ എക്‌സ്‌ചേഞ്ച്‌, സിറ്റി എക്‌സ്‌ചേഞ്ച്‌ എന്നീ സ്ഥാപനങ്ങളെല്ലാം കൂട്ടായ്‌മയുമായി സഹകിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാല്‍ അല്‍ അന്‍സാരി കൂട്ടായ്‌മക്കു താത്‌പര്യം പ്രകടിപ്പിച്ചിട്ടില്ല.
നിലവില്‍ വ്യത്യസ്ഥ നിരക്കുകളാണ്‌ വിവിധ സ്ഥാപനങ്ങളില്‍ ഈടാക്കുന്നത്‌. അഹല്യയില്‍ 10 ദിര്‍ഹമാണ്‌ നിരക്ക്‌. കൂടുതല്‍ തുക അയക്കുമ്പോള്‍ ഏഴു ദിര്‍ഹമിനും അയക്കാന്‍ കഴിയും. യു എ ഇ എക്‌സ്‌ചേഞ്ചിലെ നിരക്ക്‌ 15 ദിര്‍ഹമാണ്‌. യു എ ഇയിലും ഇന്ത്യയിലും വിപുലമായ ശൃംഖലയുള്ള സ്ഥാപനം യു എ ഇ എക്‌സ്‌ചേഞ്ചാണ്‌. അല്‍ ഫര്‍ദാനില്‍ 13ദിര്‍ഹമിനും ആലുക്കാസില്‍ 14ദിര്‍ഹമിനും പണമയക്കാന്‍ പറ്റുന്നുണ്ട്‌. കൂടാതെ സ്ഥാപനങ്ങള്‍ വിവിധ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക്‌ വാഗാദാനം ചെയ്യുന്നുണ്ട്‌.
നിരക്ക്‌ ഉയര്‍ന്നാല്‍ ഇടക്കിടെ പണമയക്കുന്ന രീതി മാറ്റി കൂടുതല്‍ പണം ഒറ്റത്തവണയായി അയക്കുന്നതാകും സാധാരണ തൊഴിലാളികള്‍ക്ക്‌ ആദായകരമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

എയര്‍കേരളക്ക്‌ വീണ്ടും ചിറകു മുളക്കുന്നു

ദുബൈ: പ്രവാസിമലയാളികളുടെ സ്വപ്‌ന പദ്ധതിയായ എയര്‍കേരളക്ക്‌ വീണ്ടും ചിറകു മുളക്കുന്നു. കേരളത്തിന്റെ സ്വന്തം വിമാനമെന്ന വിശേഷണവുമായി പദ്ധതി വീണ്ടും പരിഗണനക്കെടുക്കുമ്പോള്‍ ഗള്‍ഫ്‌ നാടുകളില്‍ കഴിയുന്ന മലയാളികള്‍ ആവേശപൂര്‍വമാണ്‌ അതിനെ വരേവേല്‍ക്കുന്നത്‌.
മലയളികള്‍ക്കു വേണ്ടി പ്രത്യേക യാത്രാവിമാനം പദ്ധതി യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്താണ്‌ ആലോചിക്കുകയും പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്‌തത്‌. കേന്ദ്ര സിവില്‍വ്യോമയാന മന്ത്രാലയത്തില്‍നിന്നും അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ മാറ്റി വെക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്‌ച തിരുവനന്തപുരത്തു ചേര്‍ന്ന നോര്‍ക്ക പ്രതിനിധികളുടെ യോഗം എയര്‍കേരളയുടെ സാധ്യതകള്‍ ആരായാന്‍ തീരുമാനിച്ചു. ഇതോടെയാണ്‌ വീണ്ടും പ്രതീക്ഷകളുയര്‍ന്നിരിക്കുന്നത്‌. പദ്ധതിയെക്കുറിച്ച്‌ പഠിക്കുന്നതിനും സ്വകാര്യ വിമാനക്കമ്പനികളുമായി ചര്‍ച്ച ചെയ്യുന്നതിനും എം കെ ഗ്രൂപ്പ്‌ എം ഡി. എം എ യൂസുഫലിയെ യോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌.
അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ ഗള്‍ഫ്‌ മേഖലയിലേക്കു സര്‍വീസ്‌ ആരംഭിക്കാനിരിക്കേ ഈ കമ്പനികളില്‍ ഓഹരി പങ്കാളിത്തം നേടുകയോ ഉടമസ്ഥാവകാശം സ്വന്തമാക്കുകയോ ആണ്‌ ലക്ഷ്യം. എയര്‍കേരള എന്ന പേരില്‍ തന്നെ പ്രവാസി മലയാളികള്‍ക്കു മാത്രമായി പ്രത്യേക യാത്രാ സൗകര്യം തയാറാക്കുന്നതിനാണ്‌ പ്രഥമഘട്ടത്തില്‍ പദ്ധതിയെന്നറിയുന്നു. സ്വകാര്യകമ്പനികളുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതു വരെ ടൂര്‍ ഓപ്പറേറ്റര്‍ മാതൃകയിലാണ്‌ എയര്‍കേരള പ്രവര്‍ത്തിക്കുക. അതേസമയം, മലയാളികള്‍ക്ക്‌ യാത്രാ നിരക്കില്‍ ആശ്വാസം ലഭിക്കാന്‍ ഇതുവഴി സാധിക്കും.
എയര്‍കേരള ഇന്റര്‍നാഷണല്‍ സര്‍വീസ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്തു തന്നെ കമ്പനി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഈ കമ്പനിയുടെ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മാതൃകയില്‍ പ്രവാസികളില്‍നിന്നും നിക്ഷേപം സ്വീകരിച്ചാണ്‌ എയര്‍കേരളയുടെ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുക. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിനും ഓഹരി പങ്കാളിത്തമുണ്ടാകും.
അന്താരാഷ്‌ട്ര സര്‍വീസുകള്‍ നടത്തുന്നതിന്‌ അനുമതി ലഭിക്കണമെങ്കില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചായായി ആഭ്യന്തര സര്‍വീസ്‌ നടത്തിയിരിക്കണമെന്ന ഇന്ത്യന്‍ സിവില്‍ വ്യോമയാന നിയമമാണ്‌ സ്വന്തം സര്‍വീസ്‌ തുടങ്ങാന്‍ കേരളത്തിനു തടസമാകുന്നത്‌. കൂടാതെ 20 വിമാനങ്ങള്‍ കമ്പനിക്കു സ്വന്തമായി വേണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ അഞ്ചുവര്‍ഷമെന്നത്‌ മൂന്നു വര്‍ഷമായി ചുരുക്കാന്‍ മന്ത്രാലയം സന്നദ്ധമാകുമെന്ന്‌ സൂചനയുണ്ട്‌. 20 എയര്‍ക്രാഫ്‌റ്റുകള്‍ സ്വന്തമായി ഉണ്ടായിരിക്കുക എന്ന നിര്‍ദേശം മറികടക്കാനായി ഇന്ത്യയിലെ ഏതാനും സ്വകാര്യ വിമാനക്കമ്പനികള്‍ പരസ്‌പരം ലയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
പ്രവാസി മലയാളികളുടെ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ട്‌ ചില സ്വകാര്യ വിമാനക്കമ്പനികള്‍ സമീപിച്ചതാണ്‌ എയര്‍കേരള പദ്ധതി വീണ്ടും ചര്‍ച്ചക്കെടുക്കാന്‍ വഴിയൊരുക്കിയതെന്നറിയുന്നു. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ തുടങ്ങുമ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ പുതിയ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്നതിന്‌ 2008 ജനുവരി വരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ കാലാവധി തീരുന്നതോടെ ഗള്‍ഫിലേക്ക്‌ എയര്‍ഡക്കാന്‍, എയര്‍ സഹാറ, ജെറ്റ്‌ എയര്‍വേയ്‌സ്‌, കിംഗ്‌ ഫിഷര്‍ തുടങ്ങിയ കമ്പനികളാണ്‌ തയാറെടുത്തിരിക്കുന്നത്‌. ഈ കമ്പനികളിലൊന്നുമായി സഹകരിച്ചാകും എയര്‍കേരള സര്‍വീസ്‌ ആരംഭിക്കുക.
സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നേടുകയോ 50 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്യുന്നതോടെ `എയര്‍കേരള' പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകും. എയര്‍ഇന്ത്യാ എക്‌സ്‌പ്രസിനായി റിസര്‍വു ചെയ്‌ത 2008 ജനുവരി വരെയുള്ള കാലാവധി അവസാനിക്കുന്നതോടെ തന്നെ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയുമോ എന്നാണ്‌ എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള സംഘം ആലോചിക്കുന്നത്‌.